NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

July 25, 2020

ജീവന്റെ വിലയുള്ള ജാഗ്രത


ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.

നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിൻറെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾകൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.

രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതിൽ മരണങ്ങൾ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിർത്താൻ കഴിയുന്നത് നമ്മൾ പുലർത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ട് ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 3,63,731 ഉം വിദേശത്തു നിന്നു വന്നവർ 2,17,757ഉം ആണ്. വന്നവരിൽ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവരിൽ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകളും എത്തിയത് റോഡ് മാർഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.64 ശതമാനം പേർ വിമാനമാർഗവും 14.18 ശതമാനം പേർ റെയിൽവേ വഴിയും കേരളത്തിലെത്തി.

ഹ്രസ്വകാല സന്ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 58,169 ആളുകളാണ്. അവരിൽ 27,611 പേർക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദർശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരിൽ 8299 പേർക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദർശകർക്കിടയിലും ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത് തമിഴ്‌നാട്ടിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

No comments: