NOTICE BOARD

സ്കൂൾ വാർഷികാഘോഷം -മാലേയം 2024 -വിഡിയോകൾ കാണാൻ സ്‌കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക .

SCROLL TEXT

SUBSCRIBE SCHOOL YOUTUBE CHANNEL-SNVUPS ALOOR.

December 3, 2017

വിന്‍ഡോസ്‌ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് എങ്ങനെ ഉബുണ്ടു ഓ.എസ് പ്രവര്‍ത്തിപ്പിക്കാം ?

ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ തയാറാക്കിയ പോസ്റ്റ്‌ 
                                                     കടപ്പാട് : മാത്സ്ബ്ലോഗ്
  • നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
  • അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?

  • ഓപ്പറേറ്റിങ് സിസ്റ്റം പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു, പാസ്വേഡ് നഷ്ടമായി, ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?

ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി.

ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.

ഉബുണ്ടുവിലെ ലൈവ് സിഡിയെക്കുറിച്ചുള്ള ഈ അറിവ് പങ്കുവെക്കുന്നത് നമ്മുടെ ലിനക്സ് ടീമില്‍ അംഗമായിട്ടുള്ള ഡോ.അനില്‍കുമാറാണ്. അധ്യാപകര്‍ക്കു വേണ്ടി തന്റെ പരീക്ഷണങ്ങളും മനസ്സിലാക്കിയ അറിവുകളും പങ്കുവെക്കുകയാണ് അദ്ദേഹം. വിശദമായൊരു ആമുഖം നല്‍കാതെ ഉബുണ്ടുവിന്റെ രണ്ടാം പാഠത്തിലേക്ക് കടക്കാം.

എന്താണ് ലൈവ് സി.ഡിയെന്ന ചോദ്യത്തിനുള്ള ഉത്തരമാകട്ടെ ആദ്യം. കൂടുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങുന്ന ഒരു ബൂട്ടബിള്‍ സിഡിയെ ലൈവ് സിഡി എന്ന് വിളിക്കുന്നു. ഹാര്‍ഡ് ഡിസ്ക് പോലെയുള്ള സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സിഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഉബുണ്ടു ഉപയോഗിക്കാന്‍ ഈ സിഡി നമ്മെ സഹായിക്കുന്നു. ആദ്യ കാലങ്ങളില്‍ ഇന്‍സ്റ്റലേഷനും ലൈവ് ഉപയോഗത്തിനും വെവ്വെറെ സിഡികളാരുന്നെങ്കില്‍ ഇന്ന് ഇന്‍സ്റ്റലേഷന്‍ കം ലൈവ് സിഡിയായാണ് ഏറെ ഡിസ്ട്രിബ്യൂഷനുകളും വരുന്നത്.

ഉബുണ്ടു 10.04 ഇതുപോലെയുള്ള ഒരു സിഡി ആയതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇതു പ്രവര്‍ത്തിപ്പിക്കാനാവും. കേവലം ഓപ്പറേറ്റിങ് സിസ്റ്റം മാത്രമല്ല ആവശ്യമായ എല്ലാ സോഫ്റ്റ്വെയറുകളും ഈ സി ഡി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാനാവും എന്നത് മറ്റ് എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ലിനക്സിനെ ഇന്ന് കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഉദാഹരണമായി നമ്മുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പൊടുന്നനെ പ്രവര്‍ത്തന രഹിതമായി എന്ന സങ്കല്പിക്കുക. ഒഴിവാക്കാനാവാത്ത ഒരു പ്രസന്റേഷന്‍ നടത്തുന്നതിനു തൊട്ടുമുമ്പെ ഇപ്രകാരം സംഭവിച്ചാലും ഉബുണ്ടു ലൈവ് സിഡി നമ്മുടെ രക്ഷക്കെത്തും. നേരിട്ട് സി ഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ഓപ്പണ്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അധികാരമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ നമുക്ക് ലഭിച്ചാല്‍ പോലും അതില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്താതെ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കുക എന്നത് നിസ്സാര സംഗതിയല്ല എന്ന് പറയേണ്ടതില്ലല്ലോ. ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഒരു വേഡ് ഡോക്കുമെന്റ് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.

സിഡിയില്‍ നിന്നും ബൂട്ട് ചെയ്യുക.

ആദ്യ സ്ക്രീന്‍. പ്രത്യേകമായി ഒന്നും ചെയ്യാനില്ല, വെല്കം സ്ക്രീന്‍ കാണുന്നതുവരെ കാത്തിരിക്കുക .

ആദ്യ യൂസര്‍ ഇന്പുട്ട് ആവശ്യപ്പെടുന്ന സ്ക്രീന്‍ . ട്രൈ ഉബുണ്ടു 10.04 എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് എന്റര്‍ കൊടുക്കുക. കൂടുതലായി ശ്രദ്ധവേണ്ടുന്ന ഘട്ടങ്ങളൊന്നും ഇനി ഇല്ലാത്തതിനാല്‍ ലൈവ് സിഡി ബൂട്ടായി വരുന്നതു വരെ കാത്തിരിക്കാം.

ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ ഉബുണ്ടു ആണ്. ഇതില്‍ നമുക്ക് ആവശ്യമുള്ള എല്ലാ ജോലികളും ചെയ്യാന്‍ സാധിക്കുന്നതാണ്. നേരത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച ഓപ്പണ്‍ ഓഫീസ് നോക്കാം.

ആപ്ലിക്കേഷന്‍സില്‍ നിന്നും ഓഫീസ് തിരഞ്ഞെടുക്കാം.

ഓപ്പണ്‍ ഓഫീസ് വെഡ് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നു.

നമുക്ക് ആവശ്യമുള്ള ഡൊക്കുമെന്റ് തയ്യാറാക്കി സേവ് ചെയ്യാവുന്നതാണ്.

സേവ് ചെയ്ത ഫയല്‍ ഡോക്കുമെന്റ്സില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇത് ലൈവ് സിഡി ആയതിനാല്‍ ഷട്ട് ഡൌണ്‍ ചെയ്യുമ്പോള്‍ ഡോക്കുമെന്റ്സ് നഷ്ടപ്പെടും. അതിനാല്‍ തയ്യാറാക്കുന്ന ഡോക്കുമെന്റ്സ് പെന്‍ഡ്രൈവ് പോലെയുള്ള മാധ്യമങ്ങളിലേക്ക് സേവ് ചെയ്യാന്‍ മറക്കരുത്.

കുറച്ച് ഉപയോഗങ്ങള്‍ :
1. ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍.
2. ബൂട്ട് ഫെയിലര്‍ (ബൂട്ട് സെക്റ്റര്‍ തകരാറ് )കാണിക്കുന്ന വിന്‍ഡോസ് മെഷീനുകള്‍ ബൂട്ട് ചെയ്യാന്‍.
3. ഒപ്പറേറ്റിങ് സിസ്റ്റം തകരാറിലായ കമ്പ്യൂട്ടറുകളിലെ ഡാറ്റാ തിരിച്ചെടുക്കാന്‍ (വിന്‍ഡോസ് മെഷീന്‍ അടക്കം ).
4. വിന്‍ഡോസ് സിസ്റ്റത്തില്‍ ഹൈഡ് ചെയ്തിട്ടിരിക്കുന്ന പല ഫയലുകളും തുറക്കാം .

ഇപ്രകാരം ലൈവ് സിഡി ഉപയോഗിച്ച് ഉബുണ്ടൂവുമായി പരിചയം നേടിയ ശേഷം വേണമെങ്കില്‍ ഇന്‍സ്റ്റലേഷന്‍ ചെയ്യാവുന്നതാണ്.

കുറിപ്പ് :
കൂടുതല്‍ ബൂട്ട് ഓപ്ഷനുകള്‍ ലഭിക്കാനായി ആദ്യ സ്ക്രീന്‍ കാണുന്ന ഉടന്‍ എസ്കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി . അപ്പോള്‍ താഴെ കാണും വിധം സ്ക്രീന്‍ ലഭ്യമാകും . ഇതില്‍ വിവിധ ഓപ്ഷനുകള്‍ കാണാം , F6 അമര്‍ത്തിയാല്‍ ബൂട്ട് പാരാമീറ്ററുകള്‍ മാറ്റാവുന്നതാണ്.
വിവിധ ഓപ്ഷനുകള്‍ കാണാം. ഇതില്‍ ട്രൈ ഉബുണ്ടു എന്ന ആദ്യ ഓപ്ഷന്‍ തിരഞ്ഞെടുത്ത് (ഡീഫോള്‍ട്ടായി ഈ ഓപ്ഷന്‍ ഹൈലറ്റഡ് ആയിരിക്കും) എന്റര്‍ കൊടുക്കുക.